ദോഹ: ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രണത്തിൽ അഞ്ച് ഹമാസ് ഭീകര നേതാക്കൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഹമാസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ആക്രമണം മുൻകൂട്ടി അറിയിച്ചെന്ന യുഎസ് വാദം ഖത്തർ തള്ളി. യുഎസ് ഭീകരരായി പ്രഖ്യാപിച്ചവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹമാസ് പൊളിറ്റ്ബ്യുറോ ഡെപ്യൂട്ടി ചെയർമാനായ ഹമ്മാം ഖലീൽ അൽ ഹയ്യ കൊല്ലപ്പെട്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ സഹായത്തോടെ ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രണമുണ്ടായത്. ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ബോംബർ ജെറ്റുകൾ അയക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുത്തിരുന്നു. ഹമാസ് നേതാക്കള്‍ ഒത്തുകൂടിയ ഒരു കെട്ടിടം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
ഹമാസിന്റെ ഉന്നത നേതൃത്വം കാലങ്ങളായി മധ്യപൂർവേഷ്യൻ രാജ്യങ്ങളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞയാഴ്ചയാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ആസ്ഥാനത്ത് എത്തിയത്. ഹമാസ് ഭീകരർക്ക് അഭയം നൽകുന്നതിന്റെ പേരിൽ ഖത്തർ വിമർശനം നേരിടുന്നുണ്ട്. മൂന്ന് മാസത്തിനുള്ളിൽ ഖത്തറിലുണ്ടായ രണ്ടാമത്തേ ആക്രമണമാണിത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ ജൂണിൽ ഖത്തറിലെ യുഎസ് സൈനിക താവളമായ അൽ ഉദൈദിൽ ഇറാൻ റോക്കറ്റുകൾ പ്രയോഗിച്ചു.
സെപ്തംബർ ഒൻപതിന് ജറുസലേമിൽ ഹമാസ് ഭീകരർ നടത്തിയ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് ഖത്തറിൽ ഹമാസ് ഭീകരർക്ക് നേരയുണ്ടായ മിസൈലാക്രമണം.















