ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്എയുമായി ബന്ധമുള്ള നേപ്പാളി പൗരൻ ഡൽഹിയിൽ അറസ്റ്റിൽ. നേപ്പാളിലെ ബിർഗഞ്ച് സ്വദേശിയായ പ്രഭാത് കുമാർ ചൗരസ്യ (43) ആണ് കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നും പിടിയിലായത്.
ഇയാൾ ഇന്ത്യൻ സിം കാർഡുകൾ ഐഎസ്ഐക്ക് എത്തിച്ചു കൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്. യുഎസ് വീസയും മാധ്യമ സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് ഐസ്ഐ ഇയാളെ വലയിലാക്കിയത്. ഇതിന് പകരമായി ഡിആർഡിഒ, ആർമി യൂണിറ്റുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാമെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു.
ആധാർ കാർഡുകൾ ഉപയോഗിച്ച് സ്വകാര്യ ടെലികോം കമ്പനികളുടെ 16 സിം കാർഡുകൾ ചൗരസ്യ വാങ്ങിയിരുന്നു. നേപ്പാളിൽ എത്തിച്ചാണ് ഇവ ഐഎസ്ഐക്ക് കൈമാറിയെന്ന് ഡിസിപി അമിത് കൗശിക് പറഞ്ഞു. ഇവയിൽ 11 സിമ്മുകൾ ലാഹോർ, ബഹവൽപൂർ തുടങ്ങി വിവിധ പാക് പ്രദേശങ്ങളിൽ സജീവമാണ്. ഇതിലൂടെ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ സൈനികരെ ലക്ഷ്യമിട്ടാണ് സിം കാർഡുകൾ ഉപയോഗിച്ചിരുന്നത്. ചൗരസ്യയിൽ നിന്നും സിം കാര്‍ഡുകളുടെ കവറുകളും ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. പാക് ചാരൻമാർ ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലും ബീഹാറിലുമായാണ് പ്രതി പഠനം പൂർത്തിയാക്കിയത്. ഇയാൾ ഐടിയിൽ ബിഎസ്സി ബിരുദവും കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡൽഹിയിലും മെഡിക്കൽ റെപ്രസെൻറേറ്റീവായും ഏരിയ സെയിൽസ് മാനേജരായും ജോലി ചെയ്തിട്ടുണ്ട്. 2017ൽ കാഠ്മണ്ഡുവിൽ ഒരു ലോജിസ്റ്റിക് കമ്പനി ആരംഭിച്ചെങ്കിലും പൂട്ടിപോയി.















