നേപ്പാൾ ഭരണകൂടത്തെ വീഴ്‌ത്തിയ ജെൻ സി പ്രക്ഷോഭത്തിന് പിന്നിൽ കാഠ്മണ്ഡു മേയറും റാപ്പറുമായ ബാലെൻ ഷായും ഹാമി നേപ്പാൾ എന്ന എൻജിഒയുടെ സ്ഥാപകൻ സുഡാൻ ഗുരുങ്ങും. ബാലെൻ ഷാ പ്രധാനമന്ത്രിയാക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്. ഒരു വിഭാഗം ഇവരെ നേപ്പാളിന്റെ വിമോചകർ എന്ന് വാഴ്‌ത്തുമ്പോൾ മറ്റൊരു വിഭാഗം ഇവരെ അപകടകാരികളായ അവസരവാദികളായാണ് കണക്കാക്കുന്നത്. ഇരുവർക്കും പിന്നിൽ പാശ്ചാത്യ ശക്തികളാണെന്ന ആരോപണവും ശക്തമാണ്. ബാലെൻ ഷാ ജെൻ സികളുടെ മുഖമാണെങ്കിൽ സുഡാൻ ഗുരുങ്ങാണ് പ്രതിഷേധങ്ങളുടെ എഞ്ചിൻ
ആരാണ് ബാലെൻ ഷാ……
നേപ്പാൾ ഭരണകൂടത്തിനെതിരായും അഴിമതിക്കെതിരായും വരികൾ എഴുതി കൊണ്ടാണ് ബാലെൻ ഷാ പ്രശസ്തനായത്. ബലിദാൻ (“ത്യാഗം”) എന്ന ഗാനം നിരാശരായ ജെൻ സികളെ വളരെയേറെ സ്വാധീനിച്ചു. ഈ സ്വാധീനം ഉപയോഗപ്പെടുത്തി 2022 ൽ കാഠ്മണ്ഡുവിന്റെ മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചു. പ്രതിഷേധം പൊട്ടിപുറപ്പെട്ടതിന് തൊട്ടു മുൻപ് ജെൻ സികളുടെ ഇച്ഛാശക്തിയെയും ലക്ഷ്യബോധത്തെയും പ്രശംസിച്ചുകൊണ്ട് ബാലെൻ ഷാ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഒപ്പം പ്രതിഷേധം രാഷ്‌ട്രീയക്കാർ ഹൈജാക്ക് ചെയ്യരുതെന്ന മുന്നറിയിപ്പും നൽകി. പിന്നാലെ ആയിരക്കണക്കിന് കൗമാരക്കാരും യുവാക്കളും കാഠ്മണ്ഡുവിലെയും മറ്റ് ഏഴ് നഗരങ്ങളിലെയും തെരുവുകളിൽ ഒഴുകിയെത്തി.
അതിനിടെ ജെൻ സികൾ തങ്ങളുടെ നേതാവായി ബാലെൻ ഷായെ അവരോധിച്ചു. ഷായെ പ്രധാനമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിഞ്ഞു. നേപ്പാളിലെ യുവാക്കളെ തെരുവലിറക്കിയതിൽ ഇയാൾക്ക് സുപ്രധാന പങ്കുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേ സമയം ബാലെൻ ഷായുടെ പെട്ടെന്നുള്ള രാഷ്‌ട്രീയ ഉയർച്ചയ്‌ക്ക് പിന്നിൽ യുഎസിന് പങ്കുണ്ടെന്ന് സംശയിക്കുന്നവരുമുണ്ട്. ഷാ നിരന്തരം യുഎസ് നയന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
സുഡാൻ ഗുരുങ്: ജെൻ സി സംഘാടകൻ
എൻജിഒയായ ‘ഹാമി നേപ്പാളി’ന്റെ സ്ഥാപകനായ ഗുരുങ്ങിന് 36 വയസ്സാണ് പ്രായം. സുഡാൻ ഗുരുങിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തൊഴിലില്ലായ്മ കൊണ്ട് അസ്വസ്ഥരായ യുവാക്കളെ തെരുവിലേക്ക് എത്തിക്കാനുള്ള ചാലകശക്തിയായി. റാലികൾ മുതൽ പെട്രോൾ ബോംബ് ഉണ്ടാക്കാനുള്ള കാര്യങ്ങളടക്കം ഇൻസ്റ്റഗ്രാമിലൂടെ കൈമാറി. ഹാമി നേപ്പാളിന്റെ പേരിലൂള്ള പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ വഹിച്ചിരുന്നതെന്നും ശ്രദ്ധേയം. ബംഗ്ലാദേശ് മോഡൽ ഭരണമാറ്റമാണ് സുഡാൻ ഗുരുങ് ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്.
ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമായാണ് ഹാമി നേപ്പാൾ യുവാക്കളുടെ ഇടയിൽ വിശ്വാസ്യത വളർത്തിയെടുത്തത്. എന്നാൽ സംഘടനയ്‌ക്ക് വിദേശബന്ധമുണ്ടെന്ന് ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നു. കൊക്കകോള, വൈബർ, ഗോൾഡ്‌സ്റ്റാർ, മൾബറി ഹോട്ടൽസ് എന്നിവയുൾപ്പെടെയുള്ള വിദേശ സ്ഥാപനങ്ങളിൽ നിന്ന് എൻജിഒയ്‌ക്ക് ഏകദേശം 200 ദശലക്ഷം നേപ്പാളി രൂപ ലഭിച്ചതായി ഗുരുങ് വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ആദ്യം ഒഡീഷയിൽ ഒരു നേപ്പാളി വിദ്യാർത്ഥിയുടെ മരണത്തിൽ ഹാമി നേപ്പാൾ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു.















