ന്യൂഡൽഹി: നേപ്പാളിൽ ജെൻ സി പ്രതിഷേധം കലപത്തിലേക്ക് വഴിമാറിയതോടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിഷേധത്തിന്റെ പേരിൽ കൊള്ള, തീവയ്പ്പ്, ബലാത്സംഗം എന്നിവ വ്യാപകമായതോടെ സൈന്യം പ്രഖ്യാപിച്ച കർഫ്യു നീട്ടി. പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറിയതോടെ ജെൻ സികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതിഷേധക്കാരോട് സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കണമെന്നും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും ആർമി സ്റ്റാഫ് ജനറൽ അശോക് രാജ് സിഗ്ഡേൽ അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച രാത്രി ടെലിവിഷനിലൂടെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. ചില ഗ്രൂപ്പുകൾ ദുഷ്‌കരമായ സാഹചര്യം മുതലെടുക്കുകയാണെന്നും ഇവർ രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

നേപ്പാളിലെ സ്ഥിതിഗതികൾ ഇന്ത്യ വിശദമായി നീരീക്ഷിക്കുകയാണ്. നേപ്പാൾ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇന്ത്യൻ പ്രദേശങ്ങളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തേക്ക് അശാന്തി പടരുന്നത് തടയാൻ സശസ്ത്ര സീമ ബലിനൊപ്പം (എസ്എസ്ബി) പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ പ്രത്യേക വിമാനങ്ങൾ അയയ്‌ക്കും. റിപ്പോർട്ട് പ്രകാരം 400 ലധികം ഇന്ത്യക്കാരാണ് കാഠ്മണ്ഡു വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. 1,751 കിലോമീറ്റർ അതിർത്തിയാണ് ഇരുരാജ്യങ്ങളും തമ്മിൽ പങ്കിടുന്നത്.















