തിരുവനന്തപുരം : ഗവർണറെ അപമാനിച്ചതിന്റെ പേരിൽ സസ്പെൻഷനിൽ കഴിയുന്ന കേരള സർവകലാശാലാ മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി വിധി യഥാർത്ഥത്തിൽ ഇടത് ധാർഷ്ഠ്യത്തിനേറ്റ കനത്ത പ്രഹരമാണ് എന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
“അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി സെനറ്റ് ഹാളിൽ നടന്ന പരിപാടിക്കിടെയാണ് രജിസ്ട്രാറായിരുന്ന ഡോ. കെ എസ് അനിൽകുമാർ ഗവർണറെ അപമാനിച്ചതും പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതും.
സിൻഡിക്കേറ്റ് റൂമിൽ ഏതാനും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഡോ. കെ എസ് അനിൽകുമാറിന്റെ നടപടി. ഇതിന്റെ പേരിൽ സസ്പെൻസ് ചെയ്യപ്പെട്ട ഡോ. കെ എസ് അനിൽകുമാർ, സസ്പെൻഷൻ അംഗീകരിക്കാൻ തയാറാകാതെ, ചട്ടങ്ങളെയെല്ലാം വെല്ലുവിളിച്ച് ഓഫീസും വാഹനവും ഉപയോഗിച്ച് പോരുകയായിരുന്നു. സസ്പെൻഷൻ സംബന്ധിച്ച് ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജിയിൽ സിൻഡിക്കേറ്റിന്റെ സ്റ്റേറ്റ്മെൻ്റ് അംഗീകരിക്കാനായി ജൂലൈ ആറിന് വൈസ് ചാൻസലർ വിളിച്ചുചേർത്ത സിൻഡിക്കേറ്റ് യോഗം ഇടതംഗങ്ങളുടെ എതിർപ്പ് മൂലം തീരുമാനമെടുക്കാനാവാതെ പിരിച്ചുവിട്ടിരുന്നു. യോഗം പിരിഞ്ഞതിന് ശേഷം ഇടത് സിൻഡിക്കേറ്റംഗങ്ങൾ പ്രത്യേക യോഗം ചേർന്ന് സസ്പെൻഷൻ പിൻവലിച്ചതായി പറയപ്പെടുന്ന അവകാശവാദമായിരുന്നു ഡോ. കെ എസ് അനിൽകുമാറിന്റെ വെല്ലുവിളിക്കാധാരം.
സർവകലാശാലാ സിൻഡിക്കേറ്റിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിധേയമായിട്ടേ തീരുമാനമെടുക്കാനാകൂ എന്നാണ് ഹൈക്കോടതി വിധിയുടെ സത്ത. രജിസ്ട്രാറുടെ സസ്പെൻഷൻ സംബന്ധിച്ച അന്തിമ തീരുമാനം സിൻഡിക്കേറ്റിൻ്റേതാണെങ്കിലും അതിന് വ്യവസ്ഥകളുണ്ടെന്ന് ഹൈക്കോടതി വിധിയിൽ നിന്ന് വ്യക്തമാകുന്നു. വൈസ് ചാൻസലറുടെ അറിവോ സമ്മതമോ ഇല്ലാതെ, വി സി അംഗീകരിച്ച അജണ്ടയോ ഇല്ലാതെ ഇടത് സിൻഡിക്കേറ്റംഗങ്ങൾ ചേർന്ന് സസ്പെൻഷൻ പിൻവലിച്ചതായി പറയുന്ന യോഗത്തിന്റെ സാധുത തന്നെ ഹൈക്കോടതി വിധിയിലൂടെ തള്ളിയിരിക്കുന്നു. ആക്ടിനേയും സ്റ്റാറ്റ്യൂട്ടിനേയും പറ്റി എല്ലായ്പ്പോഴും സംസാരിക്കുന്നവർ തരംപോലെ അതൊക്കെ മറന്ന് കയ്യൂക്ക് കൊണ്ട് സർവകലാശാലയെ വരുതിയിലാക്കാമെന്നാണ് കരുതിയത്. സർവകലാശാലയുടെ പ്രവർത്തനം അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ച ഇടത് സമരത്തിന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തി ആവേശം പകർന്നിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇടത് സിൻഡിക്കേറ്റംഗങ്ങളും സി പി ഐ (എം)ഉം അക്കാദമിക സമൂഹത്തോട് മാപ്പ് പറയണം”.രള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ പ്രസ്താവിച്ചു.















