കാഠ്മണ്ഡു: നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് സൈനിക ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ. സൈന്യവും ജെൻ സി പ്രക്ഷോഭകാരികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജെൻ സി പ്രതിനിധികളായി ഏഴ് പേരെയാണ് സൈന്യം വിളിച്ചത്. മുൻ ജഡ്ജിമാരായ സുശീല കർക്കി, ദുർഗ പ്രസായി എന്നിവരെയാണ് ഇടക്കാല പ്രധാനമന്ത്രി പദത്തിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ജെൻ സികളുടെ തലവനെന്ന് പറയപ്പെടുന്ന കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ സുശീല കാർക്കിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . എന്നാൽ നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ എക്സിക്യൂട്ടീവ് മേധാവി കുൽമാൻ ഘിസിങ്ങിന്റെ പേരാണ് ഒരു വിഭാഗം മുന്നോട്ടുവച്ചത്.
അതിനിടെ ജെൻ സികൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. ചർച്ചയ്‌ക്ക് വിളിച്ചത് തങ്ങളുടെ പ്രതിനിധികളെല്ലെന്ന് പറഞ്ഞ് യുവാക്കൾ സൈനിക ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുന്നുണ്ട്. രാഷ്‌ട്രപതിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെ ഇടക്കാല സർക്കാർ രൂപീകരണത്തിന് ശ്രമം തുടങ്ങിയതോടെ നേപ്പാൾ ഇന്ന് കാര്യമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
നേപ്പാളിൽ ജെൻസി പ്രക്ഷോഭത്തിൽ മരണ സംഖ്യ 31 ആയി. 1000 ലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മാധേഷ് പ്രവിശ്യയിലെ റാമെച്ചാപ്പ് ജില്ലാ ജയിലിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ മൂന്ന് തടവുകാർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജെൻസികൾ ജയിലുകൾ ആക്രമിച്ചതോടെ തടവു പുള്ളികൾ കൂട്ടത്തോടെ ജയിൽ ചാടി. ബുധനാഴ്ച വൈകുന്നേരവരെ, 25 ലധികം ജയിലുകളിൽ നിന്ന് 15,000 ത്തിലധികം തടവുകാർ ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഗന്ധകി പ്രവിശ്യയിലെ കാസ്കി ജില്ലാ ജയിലിൽ നിന്ന് 13 ഇന്ത്യൻ പൗരന്മാരും മറ്റ് നാല് വിദേശികളും ഉൾപ്പെടെ 773 തടവുകാർ രക്ഷപ്പെട്ടതായി ജയിലർ രാജേന്ദ്ര ശർമ്മ പറഞ്ഞു.















