കോഴിക്കോട്: ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി സമസ്ത നേതാവും മുശാവറ അംഗവുമായ ബഹാവുദ്ദീൻ നദ്‌വി. ബഹുഭാര്യത്വം ഇസ്ലാമിന്റെ നിയമമാണ്. ബഹുഭാര്യത്വം ചില പുരുഷന്മാർക്ക് ആവശ്യമാണെന്നും നദ്‌വി പറഞ്ഞു.
ഒന്നിൽ കൂടുതൽ ഭാര്യമാർ ഇസ്ലാം അംഗീകരിച്ചിട്ടുള്ളതാണ്. ഈ നയത്തെ അനുവർത്തിക്കുന്ന എത്രയോ പുരുഷൻമാരുണ്ട്. ഉദ്യോഗസ്ഥൻമാർ, എംഎൽഎമാർ, മന്ത്രിമാർ, രാഷ്‌ട്രീയക്കാരും ഇത് ചെയ്യുന്നുണ്ട്. . അന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു.
പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് ബഹാഉദ്ദീൻ നദ്വിയുടെ മുൻ പരാമർശം. ‘ നമ്മുടെ നാട്ടിൽ കുറേ മാന്യൻമാരുണ്ട്. അതിൽ ഉദ്യോഗസ്ഥൻമാരും എംഎൽഎമാരും മന്ത്രിമാരും എംപിമാരുമുണ്ട്.അവർക്കൊക്കെ ഒരു ഭാര്യമാരെയുണ്ടാകൂ. ഇൻ ചാർജ് ഭാര്യമാർ വേറെയുണ്ടാകും, വൈഫ് ഇൻ ചാർജ് എന്ന പേര് പറയില്ലെന്ന് മാത്രം. ഇങ്ങനെ ഇല്ലാത്തവർ കൈയുയർത്താൻ പറഞ്ഞാൽ സമൂഹത്തിൽ എത്രപേർ കൈ പൊന്തിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ സജീവമായി രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തൊക്കെ പ്രവർത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴാണ് ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത്. 15 നൂറ്റാണ്ട് പിന്നിലേക്കൊന്നും പോകേണ്ട. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ്’, ഇതായിരുന്നു ബഹാഉദ്ദീൻ നദ്വിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം.















