ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ ചന്ദ്ര രാംഗൂലത്തുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്റ്റംബർ 16 വരെ നവീൻ ചന്ദ്രരാംഗൂലത്ത് ഇന്ത്യയിൽ തുടരും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദർശനം. വ്യാപാരം, വികസനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി.
കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇരുനേതാക്കളും ചേർന്ന് മാദ്ധ്യമപ്രവർത്തകരെ സന്ദർശിച്ചു. ഇന്ത്യയും മൗറീഷ്യസും രണ്ട് രാജ്യങ്ങളാണെങ്കിലും ഞങ്ങളുടെ സ്വപ്നങ്ങൾ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയും മൗറീഷ്യസും വെറും പങ്കാളികളല്ല, ഒരു കുടുംബമാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. നമ്മുടെ സംസ്കാരങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലെത്തി. കാശിയിലെ ഗംഗയുടെ ഒഴുക്ക് ജീവിതത്തെ നിലനിർത്തുന്നതുപോലെ ഇന്ത്യൻ സംസ്കാരത്തിന്റെ ഒഴുക്ക് മൗറീഷ്യസിനെ സമ്പന്നമാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാരണാസിയിലെത്തിയ മൗറീഷ്യസ് പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിച്ചു. പരമ്പരാഗത ഭോജ്പുരി ഗാനങ്ങൾ ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികളോടെയാണ് മൗറീഷ്യസ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.















