കൊച്ചി: കേരളാ സർക്കാരിന്റെ സ്‌പോൺസേർഡ് ആഗോള അയ്യപ്പ സംഗമത്തിന് കർശന ഉപാധികൾ ഏർപ്പെടുത്തി ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സാമ്പത്തിക കണക്കുകളിൽ സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.കര്‍ശന നിര്‍ദേശങ്ങളോടെ ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിന് അനുമതി നൽകി. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്നും കോടതി നിർദേശം നൽകി. ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.
വരവു ചെലവു കണക്കുകൾ എല്ലാം സുതാര്യമായിരിക്കണമെന്നും സംഗമം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ കണക്കുകൾ ശബരിമല സ്പെഷൽ കമ്മിഷണർക്ക് കൈമാറി കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു. സംഗമം നടക്കുന്ന സ്ഥലം പ്ലാസ്റ്റിക്ക് കൊണ്ടു മലിനമാക്കരുതെന്നും പമ്പ മലിനമാകാതെ നോക്കണമെന്നും കോടതി നിർദേശിച്ചു. മാലിന്യം അപ്പപ്പോൾ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. ആവശ്യമുള്ളവർക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ഒപ്പം അടിയന്തര സഹായങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചു.
ആഗോള അയ്യപ്പ സംഗമത്തിൽ സ്‌പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും നേരത്തെ കോടതി ചോദിച്ചിരുന്നു.
പമ്പയിൽ ഈ മാസം 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്‌ട്രീയ പരിപാടിയാണെന്നും പൊതുഖജനാവിൽ നിന്നു ഫണ്ട് ചിലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് സംഗമം നടത്താൻ അനുമതി നൽകിയത്.
കുംഭമേള മാതൃകയിൽ പരിപാടി സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേവസ്വം മന്ത്രിമാരെ ഉൾപ്പെടെ ക്ഷണിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.















