ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്ക ബാധിതരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും അവലോകനം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾക്ക് 1,200 കോടി രൂപയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അനാഥരായ കുട്ടികൾക്ക് പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരം സഹായം നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജീവപങ്കാളിയായ എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി പ്രശംസിച്ചു. കൂടാതെ രക്ഷാപ്രവർത്തകരുമായി സംവദിക്കുകയും ചെയ്തു. പ്രകൃതി ദുരന്തത്തിൽ തകർന്ന അടിസ്ഥാനസൗകര്യങ്ങളുടെ പുനർമനിർമാണത്തിനും കേന്ദ്ര സർക്കാർ പൂർണ പിന്തുണ നൽകിയിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് ദുരിതബാധിതാ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്താൻ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. ഉത്തരാഖണ്ഡിന്റെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടു. നിരവധി ആളുകളെയാണ് ദുരന്തം ബാധിച്ചത്.















