കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍മന്‍ ഘിസിങ് ചുമതലയേല്‍ക്കും. പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ ഒലി രാജിവെച്ചതിനെ തുടര്‍ന്നാണിത്. നേപ്പാള്‍ വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് ഈ 54 കാരന്‍.ഇടക്കാല പ്രധാനമന്ത്രിയായി ജെന്‍ സി പ്രതിഷേധക്കാര്‍ കുല്‍മനെ സ്വാഗതം ചെയ്തിട്ടുണ്ട്. ദേശസ്‌നേഹി എന്നാണ് അവര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ജെന്‍ സി കലാപത്തെ തുടർന്ന് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിനായി നേപ്പാളില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ, നേപ്പാള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി എന്നിവരുടെ പേരുകളും പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാനം കുല്‍മനെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.
ബാലേന്ദ്രയുടെ പേരാണ് ജെന്‍ സി പ്രതിഷേധക്കാര്‍ ആദ്യം മുന്നോട്ടുവെച്ചതെങ്കിലും അദ്ദേഹം പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് സുശീലയ്‌ക്ക് വേണ്ടിയും ലോബിയിങ്നടന്നെങ്കിലും മുന്‍ ജഡ്ജിമാര്‍ പ്രധാനമന്ത്രിയാകുന്നതിലെ അഭംഗി ചൂണ്ടിക്കാട്ടി ചിലർ തടയിട്ടതോടെ കുല്‍മനെ നിശ്ചയിക്കുകയായിരുന്നു.
1970 നവംബര്‍ 25ന് ബേതാനിൽ ജനിച്ച കുല്‍മന് ഇന്ത്യൻ ബന്ധം ശക്തമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഭാരതത്തിലെത്തിയ അദ്ദേഹം ജംഷഡ്പൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം കരസ്ഥമാക്കിയതിന് ശേഷമാണ് നേപ്പാള്‍ വൈദ്യുതി ബോര്‍ഡില്‍ എന്‍ജിനീയറായി സേവനം ആരംഭിച്ചത്.നേപ്പാള്‍ ജനതയുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിച്ചത് കുല്‍മനാണ്. അതുകൊണ്ടുതന്നെ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ്.















