വയനാട്: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ കുളത്തിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. പുൽപ്പള്ളിയെ തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്ഫോടക വസ്തുവും കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. വിഷം കഴിച്ച് കയ്യിലെ ഞരമ്പ് മുറിച്ചാണ് ജോസ് കുളത്തിൽ ചാടിയതെന്നാണ് വിവരം. കോൺഗ്രസ് ഗ്രൂപ്പ് പോരാണ് തങ്കച്ചനെ കള്ളക്കേസിലേക്ക് കുടുക്കുന്നതിലേക്കും ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയിലേക്കും നയിച്ചത്.
ഗൂഢാലോചനയുടെ ഭാഗമായാണ് തന്റെ വീട്ടിൽ സ്ഫോടക വസ്തു കൊണ്ടുവച്ചതെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. തന്നെ ജയിലാക്കിയതിന് പിന്നിൽ ജോസ് നെല്ലേടമടക്കം ആറുപേരാണെന്ന് തങ്കച്ചൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചിരുന്നു. യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തങ്കച്ചനെ ജയിൽ നിന്നും വിട്ടയച്ചത്. 17 ദിവസത്തോളം തങ്കച്ചൻ ജയിൽ കിടന്നിരുന്നു.















