ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നീക്കത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പരിഹസിച്ച് സർസംഘചാലക് മോഹൻ ഭഗവത്. ഭാരതത്തിന്റെ വളർച്ചയിൽ ചിലർ ഭയപ്പെടുന്നുണ്ടെന്നും ട്രംപിന്റെ നിരാശയിൽ നിന്നാണ് ഇന്ത്യക്കെതിരെ ഇത്തരമൊരു നടപടിയുണ്ടായതെന്നും സർസംഘചാലക് പറഞ്ഞു. നാഗ്പൂരിൽ യോഗ, ആത്മീയ പരിശീലന കേന്ദ്രം ബ്രഹ്മകുമാരീസ് വിശ്വശാന്തി സരോവറിന്റെ ഏഴാം സ്ഥാപക ദിനത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം കൂടുതൽ ശക്തമായാൽ തങ്ങളുടെ ഭാവി എന്താകുമെന്നും സ്വന്തം സ്ഥാനം എന്തായിരിക്കുമെന്നും ചിന്തിച്ച് ലോകത്തുള്ളവർ ഭയപ്പെടുന്നു. അതിന്റെ നിരാശയിലാണ് യുഎസ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തിയിരിക്കുന്നത്.
ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്നതിലേക്ക് എല്ലാവരുടെയും ചിന്തകൾ മാറണം. ഈ മനോഭാവം നിരവധി വെല്ലുവിളികൾക്ക് പരിഹാരം കാണും. ലോകത്തിലെ ഏത് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ലോകത്തെ പുരോഗതിയിലേക്ക് നയിക്കാനുമുള്ള കഴിവ് ഭാരതത്തിനുണ്ട്. ഭാരതം മഹത്തരമാണ്. ഭാരതീയരും മഹത്തരമാകാൻ ശ്രമിക്കണം. ലോകത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും മുന്നോട്ടുള്ള വഴി കാണിക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുമെന്നും മോഹൻ ഭഗവത് പറഞ്ഞു.















