മുംബൈ: ബോളിവുഡ് നടി ദിഷ പടാനിയുടെ വീടിന് നേരെ വെടിവയ്പ്. താരത്തിന്റെ ബറേലിയിലെ വീടിന് സമീപത്താണ് വെടിവയ്പ്പുണ്ടായത്. കുപ്രസിദ്ധ ഗുണ്ടാസംഘമായ ഗോൾഡി ബ്രാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
സന്ന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് സംഘം വെടിവയ്പ് നടത്തിയത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നിരവധി തവണ വെടിവയ്പ് നടന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി ബ്രാർ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. നടി തങ്ങളുടെ സന്ന്യാസിമാരെ അപമാനിച്ചുവെന്നും സനാതനധർമത്തെ അധിക്ഷേപിക്കുന്നത് ഒരിക്കലും ക്ഷമിക്കില്ലെന്നും ഗോൾഡി ബ്രാർ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
നമ്മുടെ വിശ്വാസങ്ങളെ അപമാനിക്കുന്നത് സഹിക്കാനാകില്ല. ഇതൊരു ട്രെയിലർ മാത്രമാണ്. സനാതന ധർമത്തോട് അനാദരവ് കാണിച്ചാൽ അവളുടെ വീട്ടിലെ ആരെയും ജീവനോടെ കാണില്ല. ഇത് സിനിമാ മേഖലയിലെ എല്ലാവർക്കും വേണ്ടിയുള്ളതാണ്. നമ്മുടെ വിശ്വാസത്തിനും സന്യാസിമാർക്കുമെതിരെ ഇത്തരമൊരു അപമാനകരമായ പ്രവൃത്തി ചെയ്യുന്നവർ അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകണം. നമ്മുടെ മതത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും കുറിപ്പിൽ പറയുന്നു.















