ഐസ്വാൾ: മിസോറാം ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം, ബൈരബി -സൈരംഗ് റെയിൽവേ ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. തലസ്ഥാനമായ ഐസ്വാളിലെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പാതയ്‌ക്ക് 51.38 കിലോമീറ്ററാണ് നീളം. ബൈരബി-സൈരാങ് പാതയിലൂടെ മിസോറം ദേശീയ റെയില്‍വേ ശൃംഖലയുടെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അസം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവയ്‌ക്ക് ശേഷം റെയില്‍വേ ശൃംഖലയിൽ ബന്ധിപ്പിക്കുന്ന നാലാമത്തെ വടക്കു കിഴക്കൻ തലസ്ഥാനമാണ് ഐസ്വാൾ .
ഏകദേശം 8,071 കോടി രൂപ ചെലവിൽ മലനിരകളെ കീറിമുറിച്ചാണ് പാത യാഥാർത്ഥ്യമാക്കിയത്. 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് പദ്ധതിക്ക് അനുമതി നൽകിയത്. ദുഷ്കരമായ കാലാവസ്ഥ കാരണം വർഷത്തിൽ നാല് മാസം മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ സാധ്യമായത്. വനമേഖലകളിൽ സാധാന സാമഗ്രികൾ എത്തിക്കുന്നതും കടുത്ത വെല്ലുവിളിയായി.
ബൈരാബി-സൈരംഗ് റെയിൽവേ ലൈനിൽ 48 തുരങ്കങ്ങൾ, 55 പ്രധാന പാലങ്ങൾ, 87 ചെറിയ പാലങ്ങൾ, 5 മേൽപ്പാലങ്ങൾ, 6 അണ്ടർബ്രിഡ്ജുകൾ എന്നിവയുണ്ട്. ഇവയിൽ, 196-ാം നമ്പർ പാലത്തിന് കുത്തുബ് മീനാറിനേക്കാൾ 42 മീറ്റർ ഉയരമുണ്ട്. ഹോർട്ടോക്കി, കാൺപുയി, മുവൽഖാങ്, സൈരംഗ്-സിഹ്മുയി തുടങ്ങി നാല് സ്റ്റേഷനുകളാണുള്ളത്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) സോണിന്റെ കീഴിലാണ് ഇതിന്റെ പ്രവർത്തനം. ഇനി ട്രെയിൻ മാർഗം അസാമിന്റെ പ്രധാന നഗരമായ സിൽച്ചാറിൽ നിന്നും 3 മണിക്കൂർ കൊണ്ട് ഐസ്വാളിൽ എത്താം. നിലവിൽ റോഡ് മാർഗം 12 മണിക്കൂറാണ് യാത്രാസമയം.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സമഗ്ര വികസനമാണ് റെയിൽവേപാതയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പുതിയ പാത പ്രദേശത്തിന്റെ യാത്ര ഏളുപ്പമാക്കുന്നതിന് പുറമേ സാമൂഹിക സാമ്പത്തിക വികസനത്തിനും ഉത്തേജനമേകും. ഒപ്പം അതിർത്തിലിലേക്കുളള സേന നീക്കവും കൂടുതൽ ഏളുപ്പമാകും. വിനോദ സഞ്ചാരമേഖലയിലും ഇത് കുതിപ്പേകും. റെയിൽ ലിങ്ക് പദ്ധതി മിസോറാമിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം (ജിഎസ്ഡിപി) വർദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.
മിസോറാം സന്ദർശന വേളയിൽ മൂന്ന് പുതിയ എക്സ്പ്രസ് ട്രെയിനുകൾ കൂടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തേക്കും . മിസോറാമിനെ പശ്ചിമ ബംഗാൾ, ഡൽഹി , അസം എന്നിവയുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളായിരിക്കും ഇവ.















