കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച 18 വയസ്സുകാരനായ ബിൽജിത്തിന്റെ ഹൃദയം കൊല്ലം സ്വദേശിനിയായ 13 കാരിയിൽ തുടിക്കും. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. 48 മണിക്കൂർ നിർണായകമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
രാത്രി ഒരുമണിയോടെയാണ് അങ്കമാലിയിൽ നിന്നും ഹൃദയം കൊച്ചിയിൽ എത്തിച്ചത്. ഒന്നരയോടെ ആരംഭിച്ച ശസ്ത്രക്രിയ പുലർച്ച ആറരയോടെയാണ് പൂർത്തിയായത്. വാഹനപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബിൽജിത്തിന് കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് കുടുംബം അവയവ ദാനത്തിനുള്ള സന്നത അറിയിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബർ 2 ന് നെടുമ്പാശ്ശേരി – കരിയാട് ദേശീയ പാതയിൽ വച്ച് ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
മൂന്ന് വർഷമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു 13 കാരി. ഇന്നലെ ഉച്ചയോടെയാണ് വൈകിട്ട് ഏഴുമണിക്കകം ലിസി ആശുപത്രിയിൽ എത്താനുള്ള നിർദ്ദേശം പെൺകുട്ടിയുടെ കുടുംബത്തി ന് ലഭിച്ചത്. തുടർന്ന് വന്ദേഭാരത് എക്സ്പ്രസിൽ രാത്രി ഏഴുമണിയോടെ എറണാകുളം സൗത്തിൽ എത്തിയ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയ്‌ക്ക് ശേഷം രാത്രി 11 മണിയോടെയാണ് ശസ്ത്രക്രിയയ്‌ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ഹൃദയത്തിന് പുറമേ ബിൽജിത്തിന്റെ മറ്റ് ആറ് അവയവങ്ങളും ദാനം ചെയ്തിരുന്നു.















