കൊല്ലം: മഞ്ഞപ്പിത്ത പടർന്നു പിടിച്ച അഞ്ചൽ ഇടമുളയ്‌ക്കൽ ഗവ.ജവഹർ ഹൈസ്ക്കൂളിലെ കിണറിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. തിരുവനന്തപുരം പബ്ലിക്ക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സ്കൂളിലെ 24 വിദ്യാർത്ഥികളാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്.
സെപ്തംബർ ഒന്നിനാണ് സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 23 കുട്ടികൾക്ക് കൂടി മഞ്ഞപ്പിത്തമുണ്ടായി. കുട്ടികളിൽ പലരും തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജുകളിൽ ചികിത്സയിലാണ്.
സ്കൂളിലെ കുടിവെള്ളത്തിൽ പ്രശ്നമുണ്ടെന്ന ആക്ഷേപം ആദ്യം മുതലേ രക്ഷിതാക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ സ്കൂളിൽ നിന്നല്ല മഞ്ഞപ്പിത്ത ബാധ എന്നായിരുന്നു അധികൃതരുടെ നിലപാട്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബത്തെ ഫോണിൽ ബന്ധപ്പെടാൻ പോലും സ്കൂൾ അധികൃതർ തയ്യാറായില്ലെന്നും ഒരു രക്ഷിതാവ് പറഞ്ഞു.















