തിരുവനന്തപുരം: ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ)യിൽ സൈനിക പരിശീലത്തിനിടെ മരണപ്പെട്ട ഓഫീസർ കേഡറ്റ് എസ്. ബാലുവിന്റെ ഭൗതിക ശരീരം ഇന്ന് സംസ്കരിച്ചു. തൈക്കാട് ശാന്തികവാടത്തിൽ പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങ് നടന്നത്.

സൈനിക ഉദ്യോഗസ്ഥർ, ഗവൺമെൻ്റ് പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡെറാഡൂണിൽ നിന്ന് വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം വിമാനതാവളത്തിലെത്തിച്ച ഭൗതികദേഹം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

ചീഫ് ഓഫ് ആർമി സ്റ്റാഫ്, ജനറൽ ഓഫീസർ കമാൻഡിംഗ് കേരള ആൻഡ് കർണാടക സബ് ഏരിയ, പാങ്ങോട് സൈനിക കേന്ദ്ര മേധാവി എന്നിവർക്കായി പ്രതിനിധികൾ പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന ഗവൺമെൻ്റിനും മുഖ്യമന്ത്രിക്കും വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ് പുഷ്പചക്രം അർപ്പിച്ചു.

പാങ്ങോട് മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടുപോയ ഭൗതികശരീരം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചു. വസതിയിൽ പൊതുദർശനത്തിന് ശേഷമായിരുന്നു ശാന്തികവാടത്തിലെ സംസ്കാര ചടങ്ങുകൾ.
















