ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പിനുള്ള എബിവിപി പ്രകടനപത്രിക പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മെട്രോയാത്രയ്ക്ക് ഇളവ് അടക്കമുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, സംസ്ഥാന സെക്രട്ടറി സാര്‍ത്ഥക് ശര്‍മ്മ, ഡിയുഎസ്യു സെന്‍ട്രല്‍ പാനല്‍ സ്ഥാനാര്‍ത്ഥികളായ ആര്യന് മാന്‍, ഗോവിന്ദ് തന്‍വര്‍, കുനാല്‍ ചൗധരി, ദീപിക എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

വിവിധ പ്ലാറ്റ്ഫോമുകളിലൂടെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച 5,000-ത്തിലധികം നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് പ്രകടനപത്രിക തയാറാക്കിയത്. വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം, കായികം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പ്രകടനപത്രിക മുന്‍ഗണന നല്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സബ്സിഡി നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, ദിവ്യാംഗരായ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍, സൗജന്യ വൈ ഫൈ, പുതിയ ഹോസ്റ്റലുകളുടെ നിര്‍മാണം തുടങ്ങിയവ പ്രധാന വാഗ്ദാനങ്ങളാണ്.















