ലണ്ടൻ: അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഒന്നുകിൽ തിരിച്ചടിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് സ്ഥിതിയെന്നും ആക്രമണം അടുത്തെത്തിയെന്നും മസ്ക് പറഞ്ഞു. ലണ്ടനിൽ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബ്രിട്ടന്റെ നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആക്രമണം അടുത്തെത്തി. അനിയന്ത്രിതമായ വൻതോതിലുള്ള കുടിയേറ്റം കാരണം അത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ തുടരുകയാണെങ്കിൽ അക്രമം നിങ്ങളിലേക്ക് വരും. ഒന്നുകിൽ നിങ്ങൾ തിരിച്ചടിക്കുക, അല്ലെങ്കിൽ മരിക്കുക അതാണ് സത്യം. ബ്രിട്ടനിൽ ഒരു ഭരണമാറ്റം ഉണ്ടാകണമെന്ന് കരുതുന്നു. ഇനിയും നാല് വർഷം കാത്തിരിക്കാൻ കഴിയില്ല. എന്തെങ്കിലും ചെയ്തേ മതിയാവൂ. പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും” മസ്ക് പ്രതികരിച്ചു.
കുടിയേറ്റക്കാർ രാജ്യം കയ്യടക്കുന്നുവെന്ന് ആരോപിച്ച് നടക്കുന്ന റാലിയിൽ വൻ പ്രതിഷേധമാണ് ആളിക്കത്തുന്നത്. ഒന്നരലക്ഷത്തോളം ആളുകളാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ 26 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിവിധയിടങ്ങളിൽ നിന്നും ആളുകൾ പ്രതിഷേധറാലിയിൽ പങ്കെടുക്കാൻ തടിച്ചുകൂടി. യുണൈറ്റ് ദി കിങ്ഡം എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്.















