ഒരാഴ്ച വൈകി ഓണാശംസകൾ പങ്കുവച്ച ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് സോഷ്യൽമീഡിയയിൽ ട്രോൾ മഴ. കസവ് മുണ്ടും ഷർട്ടും പൊന്നാടയും ധരിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് അമിതാഭ് ബച്ചൻ ഓണാശംസകൾ പങ്കുവച്ചത്. പോസ്റ്റിന് പിന്നാലെ മലയാളികൾ കമന്റ് ബോക്സിൽ പരിഹാസവുമായി പ്രത്യേക്ഷപ്പെട്ടു.
ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് താരം ഖേദപ്രകടനം നടത്തി. കമന്റ് ബോക്സിലായിരുന്നു താരത്തിന്റെ പ്രതികരണം. “ഓണം കഴിഞ്ഞുപോയിരിക്കാം. പക്ഷേ, ആഘോഷം എപ്പോഴും ആഘോഷം തന്നെയാണ്. അതിന്റെ ചൈതന്യത്തിനും പവിത്രതയ്‌ക്കും ഒരിക്കലും കാലപ്പഴക്കം സംഭവിക്കില്ല. ഞാൻ തന്നെയാണ് എന്റെ സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത്. എനിക്ക് അതിന് പ്രത്യേകം ഏജന്റില്ല. ഞാൻ ക്ഷമ ചോദിക്കുന്നു”- അമിതാഭ് ബച്ചൻ കുറിച്ചു.
തിരിച്ചും ആശംസകൾ അറിയിച്ചാണ് മലയാളികൾ ട്രോളുന്നത്. “ഇത്ര പെട്ടെന്ന് തന്നെ ഇടണോ, ഇനിയും ഒരു വർഷം സമയമുണ്ട്, പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ, ആരും തെറ്റിദ്ധരിക്കരുത് അടുത്ത വർഷത്തേക്കുള്ള ആശംസകളാണ് ഇപ്പോഴെ പറഞ്ഞത്, കുറച്ചു വൈകിയെങ്കിലും കുഴപ്പമില്ല. അടുത്ത ഓണത്തിലേക്ക് വരവ് വെച്ചിരിക്കുന്നു, ബച്ച അണ്ണാ വിഷമിക്കേണ്ട മലയാളിക്ക് 28 ദിവസം ഓണം ആണ്. ഇല്ലുളം വൈകിയാലും ഇങ്ങള് ആശംസിച്ചല്ലോ… അത് മതി, കഴിഞ്ഞ വർഷത്തെ കലണ്ടർ മാറ്റിയാൽ നന്നാവുമായിരുന്നു”– എന്നിങ്ങനെ നീളുന്നു കമന്റുകൾ.















