തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒൻപത് പേർ ചികിത്സയിൽ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാരോട് സ്വദേശിയായ പതിനെട്ടുകാരന്റെ ആരോഗ്യനിലയിൽ അതേപടി തുടരുകയാണ്. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മസ്തിഷ്കജ്വരത്തിനുള്ള മരുന്നുകൾ നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
18 കാരനൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ കുളിച്ച മൂന്ന് സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. നിലവിൽ ഇവർക്ക് രോഗലക്ഷണങ്ങളില്ല. ഓഗസ്റ്റ് 16ന് ആണ് സംഘം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെത്തിൽ എത്തിയത്. പിറ്റേന്ന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോയമ്പത്തൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് അമിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആക്കുളത്തെ കുളത്തിൽനിന്നു ശേഖരിച്ച സാംപിളിന്റെ പരിശോധനാഫലം നാളെ ലഭിക്കും. നീന്തൽക്കുളത്തിലെ മുഴുവൻ വെള്ളവും നീക്കാനും വെള്ളം നിറയ്‌ക്കുമ്പോൾ നിശ്ചിത അളവിൽ ക്ലോറിൻ നിലനിർത്തണമെന്നും ആരോഗ്യവകുപ്പ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 16നും സമീപ ദിവസങ്ങളിലും കുളത്തിൽ കുളിച്ചവരുടെ വിശദാംശങ്ങളും ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.















