ന്യൂഡൽഹി: ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന വൻതാരയ്‌ക്ക് എസ്ഐടി യുടെ ക്ലീൻചിറ്റ്. അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ- പുനരധിവാസ കേന്ദ്രം വ്യവസ്ഥകൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്രത്യേക അന്വേഷണം സംഘം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പരിപാലനത്തിലും നിയന്ത്രണ നടപടികളിലും തൃപ്തരാണെന്ന് എസ്എടി സുപ്രീം കോടതിയെ അറിയിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജസ്തി ചെലമേശ്വർ അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തിയത്. വൻതാരയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആനകളെ എത്തിക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് വനം വകുപ്പിൽ നിന്ന് ആനകളെ വൻതാര ഏറ്റെടുക്കുന്നതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യ “എന്തോ നല്ലത് ചെയ്യുന്നു” എന്നതുകൊണ്ട് മാത്രമാണ് മൃഗങ്ങളെ വേട്ടയാടാൻ അനുവദിക്കുന്ന രാജ്യങ്ങൾ എതിർപ്പുകൾ ഉന്നയിക്കുന്നതെന്ന് വൻതാരയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ പറഞ്ഞു. ആയിരക്കണക്കിന് ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന വൻതാര, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വന്യമൃഗ പുനരധിവാസ കേന്ദ്രമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആനകളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.















