തൃശൂർ: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച് യുവാവിന്റെ സാഹസികം. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിലാണ് സംഭവം. അപകടത്തിൽ യുവാവിന്റെ കൈപ്പത്തി തകർന്നു. മണത്തല സ്വദേശി സൽമാൻ ഫാരിസിനാണ് പരിക്കേറ്റത്. യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റീൽസ് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് യുവാവ് ഗുണ്ടുമായി ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്. സൽമാനൊപ്പം മറ്റ് നാല് സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ലൈറ്റ് ഹൗസിന് മുകളിൽ കയറി അവിടെ നിന്ന് ഗുണ്ട് കത്തിച്ചെറിഞ്ഞ് റീൽസ് ചിത്രീകരിക്കാനാണ് ശ്രമിച്ചത്.
ലൈറ്റ് ഹൗസ് പരിസരത്ത് അതിശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാൽ തിരി കത്തിച്ച ഉടൻ തന്നെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. തിരി കത്തിച്ച് എറിയാൻ ശ്രമിക്കുന്നതിനിടെ തന്നെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി. സംഭവത്തിൽ പൊലീസ് കേസെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.















