തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സങ്കുചിത രാഷ്‌ട്രീയം കാരണം കേന്ദ്ര പദ്ധതികളുടെ പ്രയോജന ഫലങ്ങൾ ലഭിക്കാത്ത സാധാരണക്കാർക്കായി കേരള ബി ജെ പി പുതിയ സംവിധാനമൊരുക്കുന്നു. ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ എല്ലാ ആഴ്ചയും നടക്കുന്ന മീറ്റ് ദ ലീഡർ പരിപാടി ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സേവനങ്ങൾ ലഭിക്കുന്നതിന് വഴിയൊരുക്കും. കേന്ദ്രമന്ത്രിമാരും പാർലമെന്റ് അംഗങ്ങളും പാർട്ടിയുടെ ദേശീയ നേതാക്കളും മീറ്റ് ദ ലീഡർ പരിപാടിയിൽ എല്ലാ ആഴ്ചയിലും ഭാഗഭാക്കാവും. പൊതുജനങ്ങൾക്ക് കേന്ദ്ര മന്ത്രിമാരോടും എംപിമാരോടും നേരിട്ട് ആവശ്യങ്ങൾ ധരിപ്പിക്കുന്നതിനുള്ള വേദിയായി മീറ്റ് ദ ലീഡർ മാറും.
മീറ്റ് ദ ലീഡർ പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിനമായ സപ്തംബർ 17 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖർ നിർവഹിക്കും. ബഹു. കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ചടങ്ങിൽ മുഖ്യാതിഥിയാവും. മാരാർജി ഭവനിൽ നടക്കുന്ന പരിപാടിയിൽ മറ്റു മുതിർന്ന നേതാക്കളും പങ്കെടുക്കും.
കൂടെയുണ്ട് ഞങ്ങൾ എന്നത് വെറുമൊരു വാഗ്ദാനമല്ലെന്നും ഇന്നാട്ടിലെ ജനങ്ങളോടുള്ള കേരള ബി ജെ പിയുടെ പ്രതിബദ്ധതയാണതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. വികസിത കേരളം എന്ന ലക്ഷ്യത്തിനായി, നരേന്ദ്ര മോദിജി രാജ്യത്തെ 140 കോടി ജനങ്ങൾക്കായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ കേരളത്തിലെ ജനങ്ങൾക്ക് യാതൊരു വേർതിരിവുകളുമില്ലാതെ ലഭ്യമാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും ബിജെപി പ്രസിഡന്റ് അറിയിച്ചു.















