എറണാകുളം: ശബരിമലയിലെ സ്വർണപ്പാളി ഉൾപ്പെട്ട ലോഹത്തിന്റെ ഭാരം കുറഞ്ഞതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദേവസ്വത്തിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ക്ഷേത്ര ഭരണത്തിൽ ക്രമക്കേട് ഉണ്ടായിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നും അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
സ്വർണപ്പാളികളിലെ തൂക്കക്കുറവ് തിരിമറിയാകാം. 2019-ൽ സ്വർണപ്പാളിയുമായുള്ള യാത്രയിലും ദുരൂഹതയുണ്ടായിരുന്നു. യാത്ര കഴിഞ്ഞ് തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ, ഭരണ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായി. സ്പോൺസർക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥരാരും പോയിട്ടില്ല. ഒരു മാസവും ഒമ്പത് ദിവസവും സ്വർണപ്പാളികൾ സ്പോൺസറുടെ കൈവശമാണിരുന്നത്. തൂക്കം കുറഞ്ഞ പാളികളാണ് സ്മാർട്ട് ക്രിയേഷൻസ് കൈമാറിയത്. മഹസർ രേഖകളിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ന്യായീകരിക്കാനാകാത്ത കാര്യമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2019-ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളി വയ്ക്കാനായി കൊണ്ടുപോകുന്നതിന് മുമ്പ് 42 കിലോയും 800 ഗ്രാമുമായിരുന്നു ലോഹത്തിന്റെ ഭാരം. ഒന്നേകാൽ മാസത്തിന് ശേഷം ഭാരം 38 കിലോ 258 ഗ്രാമുമായി കുറഞ്ഞു. രേഖകൾ പരിശോധിച്ചതിന് ശേഷമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് അന്വേഷണചുമതല. സത്യം വെളിച്ചത്തുവരണമെന്നും കോടതി പറഞ്ഞു.















