വാഷിംഗ്ടൺ: ടിക് ടോകിന്‍റെ ഉടമസ്ഥാവകാശം അമേരിക്കൻ നിക്ഷേപകർ വാങ്ങുന്നതായി അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ടിക് ടോക്കിന് രാജ്യത്ത് തുടർന്നും പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു കരാറിന് അമേരിക്കയും ചൈനയും തമ്മിൽ ധാരണയായി. ടിക് ടോക്കിന്റെ യു എസ് ആസ്തികൾ അമേരിക്കൻ ഉടമകൾക്ക് കൈമാറാനും കരാറിൽ പറയുന്നു.
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോകിന്‍റെ ഉടമ. അമേരിക്കയിൽ 170 മില്യൺ യൂസർമാരാണ് ടിക് ടോകിനുള്ളത്. ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി വരും ദിവസങ്ങളിൽ ചർച്ചയുണ്ടാകും. വിഷയത്തിൽ ഇപ്പോഴും ചർച്ച നടക്കുകയാണ്. ചർച്ചയിൽ ഇരുവരും ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ധനികൻ മാറിയ ഒറാക്കിൾ എക്സിക്യൂട്ടീവ് ചെയർമാൻ ലാറി എലിസണും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. കൂടാതെ എലിസണിന്റെ കമ്പനിക്ക് ടിക് ടോക്കുമായി നേരത്തെ തന്നെ ബന്ധമുണ്ട്.
കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കുന്നത് മൂന്ന് മാസത്തേക്ക് കൂടി നീട്ടിവയ്‌ക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം വാങ്ങാൻ ട്രംപ് നേരത്തെ ശ്രമിച്ചിരുന്നു.















