തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വില വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി അറിയിച്ചു. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വില കൂട്ടുമെന്നാണ് മന്ത്രിയുടെ വാദം. അതേസമയം, ചായക്കടക്കാർക്കും ഹോട്ടൽ നടത്തിപ്പുകാർക്കും ഇത് വെല്ലുവിളിയാകും.
പാൽ വില വർദ്ധിപ്പിക്കാനുള്ള അധികാരം മിൽമ കമ്പനിക്കാണ്. സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ നിയമസഭയിൽ ചർച്ച തുടരുന്നതിനിടെയാണ് പാൽ വിലക്കയറ്റം ഉണ്ടാകുമെന്ന് മന്ത്രി തന്നെ അറിയിച്ചിരിക്കുന്നത്.
ജിഎസ്ടി കുറയ്‌ക്കുന്ന സാഹചര്യത്തിൽ പാൽവില വർദ്ധിപ്പിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന നിലപാടിലായിരുന്നു മിൽമ കമ്പനി. പാൽവില കൂട്ടേണ്ടതിന്റെ കാരണങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചതിന് ശേഷം പാൽവില കൂട്ടേണ്ടതില്ലെന്ന് മിൽമ തീരുമാനിക്കുകയായിരുന്നു.















