ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാർട്ടി സമ്മേളനങ്ങളും മറ്റ് അനുബന്ധ പരിപാടികളും നടത്തുമ്പോൾ മുതിർന്ന പാർട്ടി നേതാക്കൾ പ്രവർത്തകരെ നിയന്ത്രിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. സമ്മേളനം നടക്കുന്നതിനിടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്നും ഇത്തരം വിഷയങ്ങളിൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.
തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനം. ജസ്റ്റിസ് എസ് സതീഷ് കുമാറിന്റേതാണ് നടപടി. പൊതുസ്വത്തിന് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരമായി നിശ്ചിത തുക കക്ഷികളോട് നിക്ഷേപിക്കാനുള്ള ഒരു വ്യവസ്ഥ കൊണ്ടുവരുമെന്നും കോടതി വ്യക്തമാക്കി.
രാഷ്‌ട്രീയ പ്രചാരണങ്ങൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം പാർട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും ബാധകമായ ചടങ്ങൾ രൂപീകരിക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.















