എറണാകുളം: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ വഴിയാത്രക്കാർക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ സമയവും ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറിക ൾ യാത്രക്കാർക്കും മറ്റുള്ളവർക്കും ഇനി മുതൽ ഉപയോഗിക്കാം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
ദേശീയപാതകളിലെ ശുചിമുറികൾ യാത്രക്കാർക്കും മറ്റുള്ളവർക്കും ഉപയോഗിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പമ്പുകളുടെ പുറത്തായി ശുചിമുറി സൗകര്യവും വെള്ളവും ലഭ്യമാണെന്ന ബോർഡ് വയ്‌ക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. പെട്രോൾ പമ്പിൽ എത്തുന്നവർക്ക് മാത്രമേ ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി പമ്പുടമകൾ നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്.
പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും ഹൈക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. എന്നാൽ പമ്പുകൾ യാത്രക്കാർക്ക് തുറന്നുകൊടുക്കണമെന്ന് കോടതി വിധിച്ചു. ഇതിനെതിരെ പമ്പുടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.















