ലക്നൗ: ബോളിവുഡ് നടി ദിഷ പടാനിക്ക് നേരെ വീണ്ടും ഭീഷണിയുമായി ഗുണ്ടാസംഘമായ ഗോൾഡി ബ്രാർ. നടിയുടെ വീടിന് മുന്നിൽ വെടിയുതിർത്ത കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെട്ടതിന് പിന്നാലെയാണ് ഭീഷണി. കൊലപാതകത്തിന് പിന്നിൽ നിന്നവരെ വെറുതെവിടില്ലെന്നും പ്രതികാരം ചെയ്യുമെന്നും ഗോൾഡി ബ്രാർ പ്രതികരിച്ചു.
“ഈ കൊലപാതകത്തിൽ ഉൾപ്പെട്ടിരിക്കുന്നവർ ആരായാലും, എത്ര ധനികരായാലും ശക്തരായാലും വെറുതെ വിടില്ല. അതിന് ഒരുപാട് സമയമെടുത്തിരിക്കാം. പക്ഷേ, ഒരിക്കലും വെറുതെവിടില്ല. ഇന്ന് നടന്ന ഏറ്റുമുട്ടൽ ഞങ്ങൾക്ക് വലിയ നഷ്ടമാണ്. ഞങ്ങളുടെ വിശ്വാസത്തിന് വേണ്ടി ബലിയർപ്പിച്ചവരാണ് അവരെന്നും” ഗോൾഡി ബ്രാർ സോഷ്യൽമീഡിയയിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ദിഷ പടാനിയുടെ വീടിന് നേരെ വെടിയുതിർത്ത രണ്ട് പേർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരും. പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് വെടിയേറ്റത്.
സെപ്റ്റംബർ 12-ന് പുലർച്ചെയാണ് ദിഷ പടാനിയുടെ വീടിന് നേരെ വെടിവയ്പ്പുണ്ടായത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി ബ്രാർ സംഘം രംഗത്തെത്തിയിരുന്നു. അക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്.















