ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.
മോദിയുടെ 75-ാം പിറന്നാൾ ദിവസമായ ഇന്നലെ ഫോണിലൂടെ ആശംസകൾ അറിയിച്ചതായും ട്രംപ് പറഞ്ഞു. “എനിക്ക് ഇന്ത്യയുമായി വളരെ അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ ദിവസം ഞാൻ മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണെന്നും” ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ പോസ്റ്റും ട്രംപ് പങ്കുവച്ചിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളാണ് നരേന്ദ്രമോദി നടത്തുന്നത്. റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ നിങ്ങൾ നൽകുന്ന പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നുവെന്ന് ട്രംപ് എക്സിൽ കുറിച്ചു. ട്രംപിന്റെ ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും പോസ്റ്റ് പങ്കുവച്ചിരുന്നു. നന്ദി അറിയിക്കുന്നതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും മോദി പരാമർശിച്ചു.















