വടക്കാഞ്ചേരി: കാട്ടുപന്നി വേട്ട ആരോപിച്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ 30 വയസ്സുള്ള മിഥുനാണ് മരിച്ചത്. ഒരു കുടുംബത്തിന്റെ അത്താണിയായ ഇയാൾ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു. ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് കാട്ടുപന്നിയുടെ മാംസം വില്പന നടത്തി എന്നാരോപിച്ച് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഫോറെസ്റ്റ് സംഘം അറസ്റ്റ് ചെയ്തത്. ഫോറെസ്റ്റുകാരുടെ കസ്റ്റഡിയിൽ നിന്ന് വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
മിഥുന്റെ മരണത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. തഹസിൽദാർ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാൽ മതിയെന്ന് നാട്ടുകാർ പറയുന്നു















