കൊൽക്കത്ത: പശ്ചിമബംഗാളിൽ ദുർഗാദേവിയുടെ വിഗ്രഹത്തിന്റെ മുഖം അടർത്തിമാറ്റുകയും മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ബംഗാളിലെ അസൻസോളിലാണ് സംഭവം. വിഗ്രഹത്തിന്റെ മുഖം തകർത്ത യുവാവിനെ നാട്ടുകാർ ചേർന്നാണ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. യുവാവിനെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബിഹാർ സ്വദേശിയായ പ്രീതം താക്കൂറാണ് ആക്രമണത്തിന് പിന്നിൽ. വിഗ്രഹങ്ങൾ നിർമിക്കുന്ന ശിൽപിയായ ബാപി പാലിന്റെ കടയിൽ നിന്നാണ് ദുർഗാദേവിയുടെ വിഗ്രഹത്തിന്റെ ഭാഗം മോഷണം പോയത്. ബാപി പാലിനോടുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 21-ന് നടത്താനിരുന്ന ദുർഗാപൂജയ്ക്ക് വേണ്ടി നിർമിച്ച വിഗ്രഹമാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.















