വടക്കാഞ്ചേരി: കാട്ടുപന്നി വേട്ട ആരോപിച്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി മരിച്ച മിഥുന്റെ കുടുംബം. മിഥുൻ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്ന് അമ്മ ഷീന പറഞ്ഞു .
മിഥുനെ വനം വകുപ്പ് കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചു എന്ന് കുടുംബം ആരോപിച്ചു. മൊബൈൽ ഫോൺ വാങ്ങുന്നതിനു വേണ്ടി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മർദ്ദിച്ചത്. പൂങ്ങോട് ഫോറസ്റ്റേഷനിൽ വച്ച് മർദ്ദിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം
ഫോറസ്റ്റുകാരുടേ ഈ കിരാത മർദ്ദനത്തിൽ മനംനൊന്താണ് മിഥുൻ ജീവൻ ഒടുക്കിയത്. മുജീബ് റഹ്മാൻ അടക്കം 7 ഫോറസ്റ്റ് ഉദ്യോഗസ്ഥർ മിഥുനെ മർദ്ദിച്ചു എന്ന് കുടുംബം പറയുന്നു.
മൊബൈൽ ഫോൺ വാങ്ങുന്നതിന് വേണ്ടിയാണ് ഇന്നലെ വനം വകുപ്പ് ഓഫീസിൽ എത്തിയത്, എന്നാൽ വൈകുന്നേരം തിരിച്ചെത്തുമ്പോൾ ഫോൺ കിട്ടിയില്ല. തിരികെ വീട്ടിലെത്തിയ മിഥുൻ കടുത്ത മാനസിക സംഘർഷത്തിലാണ് പെരുമാറിയത്. മിഥുന്റെ ഏക വരുമാനത്തിലാണ് കുടുംബം ജീവിച്ചിരുന്നത്. മിഥുൻ മരിച്ചതോടെ കുടുംബം തീർത്തും അനാഥമായെന്നും അമ്മ പറഞ്ഞു.
അതിനിടെ മിഥുനെ ഫോറെസ്റ്റുകാർ മർദ്ദിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നു.ജില്ലാ കളക്ടർ സ്ഥലത്ത് എത്താതെ മൃതദേഹം അഴിപ്പിക്കല്ലെന്ന നിലപാടിലാണ് നാട്ടുകാർ.
ചൊവ്വാഴ്ചയാണ് കാട്ടുപന്നിയുടെ മാംസം വില്പന നടത്തി എന്നാരോപിച്ച് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഫോറെസ്റ്റ് സംഘം അറസ്റ്റ് ചെയ്തത്. ഫോറെസ്റ്റുകാരുടെ കസ്റ്റഡിയിൽ നിന്ന് വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.















