ലക്നൗ: ഉത്തർപ്രദേശിലെ ലോധേശ്വരൻ മഹാദേവ ധാമിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയങ്ങൾ കണ്ടെത്തി. 1882-ലേതെന്ന് കരുതപ്പെടുന്ന 75 വെള്ളി നാണയങ്ങളാണ് കണ്ടെത്തിയത്. ക്ഷേത്ര ഇടനാഴി നിർമാണത്തിന്റെ ഭാഗമായി തകർന്ന വീടുകളുടെ അടിത്തറ കുഴിക്കുന്നതിനിടെയാണ് നാണയങ്ങൾ കണ്ടത്.
വെള്ളിനാണയങ്ങൾ നിറച്ച കളിമൺ കുടമാണ് ആദ്യം തൊഴിലാളികൾ കണ്ടെത്തിയത്. തുടർന്ന് ഈ നാണയങ്ങൾ അവർ പരസ്പരം പങ്കിട്ടിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. നാണയങ്ങൾ പുരാവസ്തു വകുപ്പിന് കൈമാറിയിട്ടുണ്ട്.
കണ്ടെടുത്ത നാണയങ്ങൾക്ക് 140 വർഷം പഴക്കമുണ്ടെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.















