ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ മുരിദ്കെയിലെ ഭീകരകേന്ദ്രം തകർന്ന് തരിപ്പണമായിയെന്ന് സമ്മതിച്ച് ലഷ്കർ ഭീകരരും. മുരിദ്കെയിലെ തകർന്ന ഭീകരകേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഷ്കർ ഭീകരൻ നടത്തുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്തുവന്നു. ലഷ്കർ കമാൻഡർ ഖാസിമാണ് വീഡിയോയിലൂടെ ഇക്കാര്യങ്ങൾ തുറന്നുസമ്മതിച്ചത്.
ഓപ്പറേഷൻ സിന്ദൂറിൽ ഭീകരകേന്ദ്രങ്ങൾ തകർന്നുവെന്ന ജെയ്ഷെ മുഹമ്മദ് കമാൻഡറുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ലഷ്കർ ഭീകരന്റെ വീഡിയോ പുറത്തുവന്നത്. മുരിദ്കെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മർക്സ് ത്വയ്ബ ഭീകരകേന്ദ്രമാണ് ഇന്ത്യൻ സൈനിക നടപടിയിൽ നാമാവശേഷമായത്.
നിരവധി ഭീകരർ ഈ ക്യാമ്പിൽ നിന്നും പരിശീലനം നേടിയിട്ടുണ്ടെന്ന് ഖാസിം പറഞ്ഞു. ആക്രമണത്തിൽ ഇത് തകർന്നു. ഞങ്ങൾ പുനർനിർമിക്കുകയും കൂടുതൽ വലുതാക്കുകയും ചെയ്യുമെന്നും ലഷ്കർ ഭീകരൻ വീഡിയോയിൽ പറഞ്ഞു.
തകർന്ന ലഷ്കർ ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിന് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ മറവിൽ ഫണ്ട് സ്വരൂപിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ പണം ശേഖരിക്കുന്നതായി ക്യാമ്പെയിനുകളും ആരംഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഷ്കർ ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിന് പാകിസ്ഥാൻ നാല് കോടി രൂപ അനുവദിച്ചിരുന്നു.















