തൃശൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഈ വർഷം മാത്രം 17 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 66 പേർക്ക് ഇതുവരെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഈ മാസം 19 രോഗികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർ മരിച്ചു.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമാകുന്നത്.
പനി, തലവേദന, ഓക്കാനം, ഛർദ്ദി, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമകുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുണ്ടാകും.















