ന്യൂഡൽഹി: അസമീസ് ഗായകൻ സുബിൻ ഗാർഗിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഗീത ലോകത്തിന് സുബിൻ ഗാർഗ് നൽകിയത് വിലമതിക്കാനാകാത്ത സംഭാവനകളാണെന്നും ഗാനങ്ങളിലൂടെ സുബിൻ എന്നെന്നും ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്തെ നാനാഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഗാർഗിന്റെ സംഗീതം ആസ്വദിച്ചിരുന്നു. സുബിന്റെ ഗാനങ്ങൾ വരുംതലമുറയ്‌ക്ക് പ്രചോദനമേകും. ഗായകന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സിംഗപ്പൂരിൽ സ്കൂബാ ഡൈംവിംഗിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് സുബിൻ ഗാർഗ് മരിച്ചത്. ഒരു സ്വകാര്യ സ്ഥാപനം സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സ്കൂബാ ഡൈവിംഗിനിടെ ബോധരഹിതനായ ഗാർഗിന് കരയിലേക്ക് കയറാൻ സാധിച്ചില്ല. സിംഗപ്പൂർ പൊലീസാണ് കരയ്‌ക്ക് കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.















