പാലക്കാട്: റീജണൽ ഫയർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പാലക്കാട് റീജണൽ ഫയർ ഓഫീസറിൽ നിന്ന് രേഖകളില്ലാത്ത 13,590 രൂപ പിടിച്ചെടുത്തു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ ചുമതലയുള്ള റീജണൽ ഓഫീസർ കെ കെ ഷിജുവിന്റെ കൈയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കെട്ടിടമുടമകളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പണം വാങ്ങുന്നുവെന്ന പരാതികളെ തുടർന്നാണ് പരിശോധന നടന്നത്.
വിജിലൻസ് ഡിവൈഎസ്പി ബെന്നി ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഗ്നിരക്ഷ നിരാക്ഷേപ സാക്ഷ്യപത്രം നൽകുന്നതിന് ഏജൻസികൾ മുഖേന വൻതുക വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
ഒരു ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. കണ്ടെടുത്ത പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടില്ല. തുടർനടപടികൾക്കായി പരിശോധന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.















