ശ്രീനഗർ: കശ്മീരിൽ 20 ചൈനീസ് ഗ്രനേഡുകൾ കണ്ടെടുത്തു. പൂഞ്ച് സെക്ടറിൽ നടന്ന തെരച്ചിലിലാണ് ഗ്രനേഡുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഗ്രനേഡുകളും വെടിക്കോപ്പുകളും ഉൾപ്പെടെ നിരവധി മാരകായുധങ്ങളും സ്ഥലത്ത് നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഈ ആയുധങ്ങൾ വനമേഖലകളിലേക്കും ആളൊഴിഞ്ഞ പ്രദേശങ്ങളിലേക്കും മാറ്റാൻ ഭീകരർ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഉധംപൂരിലും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. വനമേഖലകളിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
അടുത്തിടെ ബന്ദിപ്പോര മേഖലയിൽ നിന്ന് രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരെ അറസ്റ്റ് ചെയ്യുന്നതിനിടെ ചൈനീസ് ഗ്രനേഡുകൾ കണ്ടെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓപ്പറേഷൻ നടക്കുന്നത്. ശ്രീനഗർ, ബാരാമുള്ള, അനന്ത്‌നാഗ്, കുപ്‌വാര, ഹന്ദ്വാര, പുൽവാമ, ഷോപ്പിയാൻ എന്നിവിടങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്.















