ചെന്നൈ: മുംബൈയിൽ നിന്ന് തായ്ലൻഡിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണി സന്ദേശം വന്നതോടെ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് വച്ചിട്ടുണ്ടെന്നും യാത്രയ്‌ക്കിടെ പൊട്ടിത്തെറിക്കുമെന്നുമാണ് ഭീഷണി.
മുംബൈയിൽ നിന്ന് തായ്ലൻഡിലെ ഫുക്കറ്റിലേക്ക് പോവുകയായിരുന്ന 6e1089 വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഫോൺകോളിലൂടെ ഭീഷണി സന്ദേശം എത്തുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി.
ലാൻഡിംഗിന് ശേഷം യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് പരിശോധിച്ചെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. വിമാനം പരിശോധനകൾക്ക് ശേഷം പുലർച്ചെ തായ്ലൻഡിലേക്ക് തിരിച്ചു.















