ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് ഇനി മുതൽ പാകിസ്ഥാനിൽ അറിയപ്പെടുക അൽ-മുറാബിതൂൻ. അറബിയിൽ ‘ഇസ്‌ലാമിന്റെ സംരക്ഷകർ’ എന്നാണ് അൽ-മുറാബിത്തൂൻ എന്ന വാക്കിന്റെ അർഥം. ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരൻ യൂസഫ് അസ്ഹറിന്റെ അടുത്താഴ്ച നടക്കുന്ന ‘അനുസ്മരണ’ചടങ്ങിലാണ് പുതിയ പേര് പ്രഖ്യാപിക്കുക. ഓപ്പറേഷൻ സിന്ദൂറിലാണ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടത്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമായ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജെയ്‌ഷെ മുഹമ്മദ് എന്ന പേര് ആഗോള ഫണ്ടിംഗിന് തടസ്സമാകുന്നതാണ് മാറ്റത്തിന് കാരണം എന്നാണ് റിപ്പോർട്ട്. പേരുമാറ്റം പാകിസ്താനിലെ പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കുമെന്നാണ് സൂചന.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത ഭീകര കേന്ദ്രങ്ങൾ പുനർനിർമ്മിക്കാൻ ഡിജിറ്റൽ വാലറ്റുകൾ വഴി ജെയ്ഷെ തലവൻ മസൂദ് അസർ പണം സമാഹരിക്കുന്നതായി എഫ്‌എടിഎഫ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ആഗോള ഭീകര വിരുദ്ധ ഫണ്ടിംഗ് നിരീക്ഷണ ഏജൻസിയാണ് എഫ്‌എടിഎഫ്. പള്ളികളും മർക്കസുകളും സ്ഥാപിക്കാൻ എന്ന പേരിലാണ് പണപ്പിരിവ് നടക്കുന്നത്. 390 കോടി സമാഹരിക്കാനാണ് മസൂദ് അസറിന്റെ ലക്ഷ്യം. 313 ക്യാമ്പുകൾ ആരംഭിക്കാനുള്ള പദ്ധതി ഐഎസ്ഐയുടെ പിന്തുണയോടെയാണ് മസൂദ് തയ്യാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ഗാസയ്‌ക്കുള്ള സഹായം എന്ന പേരിൽ പാകിസ്ഥാനിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ട്. അന്താരാഷ്‌ട്ര ഏജൻസികളുടെ കണ്ണ് വെട്ടിക്കാൻ ബാങ്ക് അക്കൗണ്ടുകൾക്ക് പകരം പാക് ഡിജിറ്റൽ വാലറ്റുകളായ EasyPaisa, SadaPay എന്നിവ ഉപയോഗിക്കുന്നത്. ജെയ്ഷെ മുഹമ്മദ് ഉപയോഗിക്കുന്ന അഞ്ച് ഇ-വാലറ്റുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
പുനർനിർമാണത്തിന്റെ ഭാഗമായി ഭീകര സംഘടനയിലേക്ക് ഗ്രൂപ്പ് റിക്രൂട്ട്മെന്റ് ഡ്രൈവും നടക്കുന്നുണ്ട്. സെപ്റ്റംബർ 14 ന് മൻസെഹ്‌റ ജില്ലയിലെ ഗാർഹി ഹബീബുള്ള എന്ന പട്ടണത്തി നടന്ന റിക്രൂട്ട്മെന്റ് ഡ്രൈവിന് പാക് സൈന്യത്തിന്റെയും പോലീസിന്റെയും സംരക്ഷണമുണ്ടായിരുന്നു. ദുബായിൽ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് ഏഴ് മണിക്കൂർ മുമ്പ് ജെയ്‌ഷെ കമാൻഡർ മസൂദ് ഇല്യാസ് കശ്മീരിയുടെ നേതൃത്വത്തിലായിരുന്നു റിക്രൂട്ട്മെന്റ് നടന്നത്.















