കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീം ജോലി ചെയ്തിരുന്ന ഹോട്ടലിലുള്ള മറ്റൊരാളും സമാന ലക്ഷണത്തോടെ മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് റഹീമിന്റെ സഹപ്രവർത്തകനായ കോട്ടയം സ്വദേശി ശശി മരിച്ചത്. ഇരുവരും ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ഹോട്ടൽ അടച്ചിടാൻ കോർപ്പറേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പന്നിയങ്കര പൊലീസ് സ്റ്റേഷന് സമീപത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
ഹോട്ടലിന് സമീപമുള്ള വീട്ടിലാണ് റഹീം അടക്കമുള്ള തൊഴിലാളികൾ താമസിച്ചിരുന്നത്. ഇന്നലെ രാവിലെയാണ് റഹീമിനെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ റഹീമിന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വൈകുന്നരത്തോടെ മരണം സംഭവിക്കുകയും ചെയ്തു.
14ാം തീയതിയാണ് ശശിയെ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കസേരയിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. എന്നാൽ പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതം എന്നാണ് കണ്ടെത്തിയത്. ബന്ധുക്കൾ എത്താത്തിനാൽ മൂന്ന് ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോർപ്പറേഷനാണ് സംസ്കരിച്ചത്.
അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. നിലവിൽ പത്ത് പേരാണ് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഈ വർഷം ഇതുവരെ 20 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 71 പേർക്കാണ് സ്ഥിരീകരിച്ചത്.















