ന്യൂഡൽഹി: പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദും ഹിസ്ബുൾ മുജാഹിദിനും പിഒകെ നിന്ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്ക് താവളം മാറ്റിയതായി റിപ്പോർട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാലായനം.
പിഒകെയിലെയും പാകിസ്ഥാനിലെയും ഒൻത് ഭീകരകേന്ദ്രങ്ങളിലാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യയ്‌ക്ക് വർദ്ധിച്ച് വരുന്ന സ്വാധീനവും പലായനത്തിന് കാരണമായി. അഫ്ഗാനോട് ചേർന്നാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. പാക് ഭരണകൂടത്തിന്റെ കൂടി നിർദ്ദേശപ്രകാരമാണ് സുരക്ഷിത താവളം എന്ന നിലയിൽ ഖൈബർ പഖ്തൂൺഖ്വ തെരഞ്ഞെടുത്തത്.
ഇതിന്റെ ഭാഗമായി സെപ്റ്റംബർ 14ന് ഖൈബർ പഖ്തൂൺഖ്വ മൻസെഹ്‌റ ജില്ലയിലെ ഗാർഹി ഹബീബുള്ള പട്ടണത്തിൽ ഭീകര റിക്രൂട്ട്മെന്റും നടന്നു. ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ജെയ്‌ഷെ യുവാക്കൾക്കായി പരിപാടി നടത്തിയത്. ജെയ്‌ഷെ സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ വലംകൈയായ കൊടും ഭീകരൻ മൗലാന മുഫ്തി മസൂദ് ഇല്യാസ് കശ്മീരി റിക്രൂട്ട്മെൻറിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബം കൊല്ലപ്പെട്ട കാര്യം ഇവിടെ വച്ചാണ് സമ്മതിച്ചത്. തോക്കേന്തിയ പട്ടാളക്കാരുടെയും ഭീകരരുടെയും നടുവിൽ നിന്നു കൊണ്ടായിരുന്നു ഇല്യാസിയുടെ പ്രസംഗം.















