യുവ എഴുത്തുകാരൻ ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ സിനിമ ഒരുങ്ങുന്നു. പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റും പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും ഒക്ടോബർ 2ന് കൊച്ചിയിൽ നടക്കും.
എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് അടക്കം നിരവധി പുരസ്കരങ്ങൾ നേടിയ ലീജീഷ് കുമാർ ആദ്യമായാണ് സിനിമയ്‌ക്ക് വേണ്ടി തൂലിക ചലിപ്പിക്കുന്നതെന്ന പ്രത്യേക കൂടിയുണ്ട്. ഐപിസി 295 എ, കലാഭവൻ മണി-ഓർമ്മകളിലെ മണിമുഴക്കം, മമ്മൂട്ടി കണ്ടു കണ്ട് പെരുകുന്ന കടൽ തുടങ്ങി നിരവധി കഥകളുടെയും നോവലുകളുടെയും രചയിതാവാണ് അദ്ദേഹം. എൻ.എസ്.എസ് ക്യാംപിന്റെ പശ്ചാത്തലത്തിൽ ‘പ്രേമം – യൗവനം – നൊസ്റ്റാൾജിയ’ എന്ന കോംബിനേഷനിലായിരിക്കും ചിത്രമെന്ന് ലിജീഷ് കുമാർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ലിജീഷ് കുമാറിന്റെ കുറിപ്പ്
സുഹൃത്തുക്കൾക്ക് വേണ്ടി എന്തു സാഹസവും ചെയ്യും എന്നൊരു ദുഷ്പേര് എനിക്ക് പണ്ടേയുണ്ട്. ആമിർ പ്രിയപ്പെട്ട സുഹൃത്താണ്. ഇത് ആമിറിനു വേണ്ടിയാണ്.
ആയിഷയും ED യും കഴിഞ്ഞ് ഒരു ദിവസം ആമിർ വന്നു പറഞ്ഞു, “നമുക്കൊരു പടം ചെയ്യണം.” എന്തും പോവും ആമിറിന്റെ വണ്ടിയിലെന്ന് ചെയ്ത രണ്ടു സിനിമകളുടെ ഡൈവേഴ്സിറ്റി വെച്ച് എനിക്കറിയാം. അതുകൊണ്ട് ഞാനൂന്നി ചോദിച്ചു, ഇനി എന്തു പടം ചെയ്യണമെന്നാണ് മനസിൽ ? “കൊമേഴ്സ്യലാവണം” ആമിറ് പറഞ്ഞു. “യൂത്താണ് രസം, ഒരു നൊസ്റ്റാൾജിക് ഫീലൊക്കെ കിട്ടണം, ലൗ ട്രാക്കാണെങ്കിൽ സന്തോഷം..” ആമിറങ്ങനെ ആഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടിരുന്നു.
പ്രേമം – യൗവനം – നൊസ്റ്റാൾജിയ !! കോമ്പിനേഷനൊക്കെ രസമുണ്ട്. പക്ഷേ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന ഒരുത്തനോടു തന്നെ ഇതു പറയണം. ആമിറ് പക്ഷേ പറയും, പറഞ്ഞോണ്ടിരിക്കും. നിങ്ങളെക്കൊണ്ട് പറ്റും പറ്റുമെന്ന് മോട്ടോറാക്കാൻ ആമിറിനെക്കഴിഞ്ഞേ ആളുള്ളൂ. അങ്ങനെ ഒടുവിൽ അത് സംഭവിക്കുകയാണ്. മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻ.എസ്.എസ് ക്യാമ്പുപടം.
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ എന്റെ ആദ്യ സിനിമ.















