ന്യൂഡൽഹി: പാക് അധീനവേശ കശ്മീർ അധികം വൈകാതെ സമാധാനപരമായി ഇന്ത്യയിൽ ലയിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇന്ത്യയുമായി തിരികെ ലയിക്കണമെന്ന ആവശ്യം പിഒകെയിലെ ജനങ്ങൾ ഉയർത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. “അഞ്ച് വർഷം മുമ്പ് കശ്മീർ താഴ്‌വരയിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നമുക്ക് പിഒകെ ആക്രമിച്ച് പിടിച്ചെടുക്കേണ്ടതില്ല, എന്തായാലും അത് നമ്മുടേതാണ്; പിഒകെ തന്നെ പറയും, ‘മേം ഭി ഭാരത് ഹൂം’. ആ ദിവസം വരും, എന്ന് ഞാൻ സൈനികരോട് പറഞ്ഞിരുന്നു” പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി
കഴിഞ്ഞ ആഗസ്റ്റിൽ, പിഒകെയിലെ പ്രധാന പട്ടണമായ റാവൽകോട്ടിൽ, പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ആയിരക്കണക്കിന് സാധാരണക്കാർ തെരുവിലിറങ്ങി വൻ പ്രകടനം നടത്തിയ സംഭവവും പ്രതിരോധ മന്ത്രി സൂചിപ്പിച്ചു.
മൊറോക്കോയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ രാജ്നാഥ് സിംഗ്, ബെറെച്ചിഡിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ വീൽഡ് ആർമർഡ് പ്ലാറ്റ്‌ഫോം പുതിയ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്യും. ആഫ്രിക്കയിലെ ആദ്യത്തെ ഇന്ത്യൻ പ്രതിരോധ നിർമ്മാണ യൂണിറ്റാണിത്. ആഗോള തലത്തിൽ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ ശക്തി തെളിയിക്കുന്ന സുപ്രധാന നാഴികക്കല്ല് എന്നാണ് രാജ്നാഥ് നിംഗ് ഇതിനെ വിശേഷിപ്പിച്ചത്.















