ഇസ്ലമാബാദ്: ഖൈബർ പഖ്തൂൺഖ്വായിൽ പാക് സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ടിറാ താഴ്വരയിലെ മത്രെ ദാരാ ഗ്രാമം ലക്ഷ്യമിട്ട് എട്ട് ബോംബുകളാണ് വ്യോമസേന വർഷിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സാധാരണക്കാരാണ് കൊല്ലപ്പെട്ടതിൽ അധികവും.
തെഹ് രീക് ഇ താലിബാൻ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസവും ഖൈബർ പഖ്തൂൺഖ്വയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ലക്ഷ്യമിട്ട് പാക് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിൽ ഏഴ് ടിടിപി ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് അഫ്ഗാൻ പൗരന്മാരുമുണ്ടെന്നാണ് സൂചന.















