ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിംഗ് ഗീയർ കംപാർട്ട്മെൻറിൽ ( പിൻചക്ര കൂട്) ഒളിച്ചിരുന്ന് അഫ്ഗാൻ ബാലന്റെ സാഹസിക യാത്ര. 13-കാരനായ അഫ്ഗാൻ ബാലൻ കാബൂളിൽ നിന്നും രണ്ട് മണിക്കൂർ സാഹസിക യത്ര ചെയ്ത് ഡൽഹിയിലെത്തിയെന്ന് ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. എയർബസ് എ 340 ലായിരുന്നു കുട്ടിയുടെ അത്യന്തം അപകടകരമായ യാത്ര.
കാബൂളിലെ വിമാനത്താവളത്തിൽ നിയന്ത്രിത മേഖലയിൽ കടന്നുകൂടിയ കുട്ടി വിമാനത്തിന്റെ പിൻചക്രഭാഗത്ത് ഒളിക്കുകയായിരുന്നു. കാബൂളിലെ ഹമീദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ സമയം രാവിലെ 8:46 ന് പുറപ്പെട്ട വിമാനം രാവിലെ 10:20 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനത്താവളത്തിലെ ജീവനക്കാരനാണ് കുട്ടിയെ കണ്ടത്. ജിജ്ഞാസ കാരണമാണ് വിമാനത്തിൽ ഒളിച്ചത് എന്ന് കുട്ടിയുടെ വിശദീകരണം. കുട്ടിയെ ഞായറാഴ്ച വൈകുന്നേരം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
94 മിനിറ്റ് യാത്ര പൂർത്തിയാക്കിയത് ഈ രംഗത്തെ വിദഗ്‌ധരെപ്പോലും അദ്‌ഭുതപ്പെടുത്തിയിരിക്കുകയാണ്. 30,000 അടി ഉയരത്തിൽ ഓക്സിജന്റെ അഭാവം, തണുത്തുറഞ്ഞ താപനില, ചക്രങ്ങൾക്കിടയിൽ ചതഞ്ഞരയാനുള്ള സാധ്യത എന്നിവ കുട്ടി അതിജീവിച്ചതെങ്ങനെയെന്ന ചോദ്യം അവശേഷിക്കുകയാണ്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട് രണ്ടാമത്തെ രഹസ്യവിമാന യാത്രയാണിത്. 1996 ൽ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ രണ്ട് ഇന്ത്യക്കാരായ സഹോദരന്മാർ ഒളിച്ചതാണ് ആദ്യത്തേത്. ലണ്ടനിൽ എത്തിയപ്പോഴേക്കും ഇതിൽ ഒരാൾ മരിച്ചിരുന്നു.















