ശ്രീനഗർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ ബിജെപി ഓഫീസിന് തീയിട്ട് തകർത്ത് പ്രക്ഷോഭകർ. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക എന്നിവയാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങൾ. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി.
പരിസ്ഥിതി പ്രവർത്തക സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യുവാക്കൾ തെരുവിലിറങ്ങിയത്. പൊലീസും സമരക്കാരും ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാർ ബിജെപി ഓഫീസ് കത്തിച്ചത്. പ്രക്ഷോഭക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചു. ലേയിൽ വിദ്യാർത്ഥി-യുവജന സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സ്ഥലത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ ചർച്ചകൾ നടത്തും. ഒക്ടോബർ ആറിനായിരിക്കും ചർച്ച നടക്കുക.















